സമൂഹത്തിൽ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് സബ് ജഡ്ജ് രഞ്ജിത് കൃഷ്ണൻ. ‘ലഹരി രഹിത – പുകയില രഹിത വിദ്യാലയങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരികയാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലഹരി ഉപയോഗത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി സിന്തറ്റിക് ലഹരി വരെ എത്തി നിൽക്കുകയാണ് ഇന്നത്തെ ലഹരി ഉപയോഗം.
ശരാശരി 13 വയസ് പ്രായമായവർ മുതൽ ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗത്തെ ഫലപ്രദമായി പ്രതിരോധിക്കണം. അനധികൃത വിൽപ്പനയ്‌ക്കെതിരെയും ഉപയോഗത്തിനെതിരെയും നിയമ നടപടികൾ ശക്തമാക്കണം. ലഹരി മാഫിയകൾ വിദ്യാലയങ്ങളിൽ പിടിമുറുക്കുന്നുണ്ടെന്നും റാക്കറ്റുകളുമായി വിദ്യാർഥികൾ ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സ്കൂൾ കോമ്പൗണ്ടിലും പരിസര പ്രദേശങ്ങളിലും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുത്. വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം. പോലീസ്, എക്സ്സൈസ്, ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി, റെസിഡൻസ് അസോസിയേഷൻ തുടങ്ങി എല്ലാ സംഘടനകളും വിവിധ വകുപ്പുകളും ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗം ശാരീരിക മാനസിക ബൗധിക മണ്ഡലങ്ങളെ ബാധിക്കും. സമൂഹത്തിൽ അനധികൃത ലഹരി വിൽപ്പനകൾ നടക്കുന്നുണ്ടെന്നും അതിഥി തൊഴിലാളികൾ അമിതമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ശില്പശാല വിലയിരുത്തി. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു.
ലഹരി വിരുദ്ധ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ബി. റ്റി. എച്ച് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി അനിൽ, അഡിഷണൽ ഡി.എം.ഒ ഡോ. കെ. ആർ രാജൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സി. ആർ പത്മകുമാർ (വിമുക്തി മാനേജർ) എൻ.റ്റി.പി.സി (നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം) കൗൺസിലർ പ്രശാന്ത് ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി. സി ജേക്കബ്, എഡ്രാർക്ക് പ്രസിഡന്റ് രംഗദാസ പ്രഭു തുടങ്ങിയവർ പങ്കെടുത്തു.