പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പൊലീസിന് നിര്‍ദേശം നല്‍കി. പരിപാടി സ്ഥലത്ത് തിക്കുംതിരക്കും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് പരാമര്‍ശം.
ജലോത്സവം കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപസമിതികള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു. മാധ്യമ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ഇത്തവണയും തുടരണമെന്നും എം പി പറഞ്ഞു. കലാസാംസ്‌കാരികസന്ധ്യകള്‍ ആകര്‍ഷണീയമാക്കുന്നതിന് ശ്രദ്ധിക്കണമെന്ന് എം മുകേഷ് എം എല്‍ എ പറഞ്ഞു. ഡി റ്റി പി സി അംഗങ്ങള്‍, വിവിധ ഉപസമിതി അധ്യക്ഷന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.