പൊതു ആരോഗ്യ സംവിധാനത്തിന്റെ അടക്കം പേരുമാറ്റത്തിലൂടെ ഭാഷയിലേക്കും സംസ്‌കാരത്തിലേക്കുമുഉള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംകാരിക്കുകയായിരുന്നു അവർ.

ആശുപത്രികളുടെ പേരുകൾ മാറ്റുകയും ആയുഷ്‌മെൻറ് ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഭാഷയിലേക്കും സംസ്‌കാരത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. ഇതിനുമുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്ന് മന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയും പൊതു വിദ്യാഭ്യാസ സംവിധാനങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ആരോഗ്യ മേഖലയിൽ നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ളത് മികച്ച നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം അനുവദിച്ചതിലൂടെ ജനുവരി മുതൽ നവംബർ 10 വരെയുള്ള കാലയളവിൽ 110 രോഗികൾക്ക് അടിയന്തര ചികിത്സ നൽകിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജില്ലാ ആശുപത്രികൾക്ക് നൽകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ആശുപത്രിയിൽ 16.5 കോടി രൂപയുടെ പദ്ധതികളാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിനായി ഒരുങ്ങുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ഏത് മേഖലയെടുത്താലും കോടികളുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.