സമാനതകളില്ലാത്ത നേട്ടമാണ് ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ചത്. കോവിഡ് മഹാമാരിയെയും നിപ്പയെയും അതിജീവിച്ച് കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനാധിപത്യ സംരക്ഷണമാണ് ഈ സർക്കാർ ലക്ഷ്യംവെക്കുന്നത്. ജനക്ഷേമം മുൻനിർത്തി എണ്ണമറ്റ പ്രവർത്തനങ്ങളാണ് സർക്കാർ ഇതിനോടകം നടത്തിയത്. ഇതിന്റെ ആദ്യപടിയായി ഓരോ ഡിപ്പാർട്ട്‌മെന്റ് തലത്തിലും ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തി. ശേഷം താലൂക്ക് തല അദാലത്ത്, മേഖലാതല യോഗങ്ങളും നടത്തി. ഇതിലൂടെ ജനങ്ങളുടെ ഒട്ടേറെ പ്രശ്‌നങ്ങൾക്കാണ് പരിഹാരം കാണാൻ ആയത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതായി. കേരളത്തിലെ സർക്കാർ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാരിന് കഴിഞ്ഞു. സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ കൈപ്പിടിച്ച് വരുന്നവരുടെ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും അക്കാദമിക് നിലവാരം ഉയർത്താനും സാധിച്ചു. ഉന്നതവിദ്യാഭ്യാസം രംഗത്തും മാറ്റങ്ങളുണ്ടായി. വിദേശവിദ്യാർഥികൾ കേരളത്തെ ആശ്രയിച്ചു തുടങ്ങി. ടൂറിസം രംഗത്തും നിരവധി അംഗീകാരങ്ങൾ കേരളം ഇതിനോടകം നേടിക്കഴിഞ്ഞു. എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നിന് ജലജീവൻ മിഷൻ മുഖേന മലപ്പുറത്ത് മാത്രം 5957 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നിലമ്പൂർ മണ്ഡലത്തിൽ മാത്രം 705 കോടിയാണ് സർക്കാർ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.