-മൂന്നിടങ്ങളിലായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു
-ചൊവ്വാഴ്ച തിരൂരിൽവച്ച് മന്ത്രിസഭാ യോഗവും ചേർന്നു


കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല് ദിവസങ്ങളിലായി നടന്ന 16 മണ്ഡല നവകേരള സദസ്സുകൾക്ക്് പുറമെ മൂന്ന് പ്രഭാത സദസ്സുകളും ജില്ലയിൽ സംഘടിപ്പിച്ചു. നവംബർ 27ന് പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലും 29ന് കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങിലും നവകേരള സദസ്സ് സംഘടിപ്പിച്ചതോടെ ആകെ 19 പരിപാടികളാണ് നടത്തിയത്.

മൂന്ന് മേഖലകളിലായാണ് ജില്ലയിൽ പ്രഭാത സദസ്സ് സംഘടിപ്പിച്ചത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഭാതസദസ് നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിലും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഭാത സദസ്സ് ബുധനാഴ്ച മലപ്പുറം വുഡ്ബൈൻ ഹോട്ടലിലും സംഘടിപ്പിച്ചു.

മങ്കട, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രഭാത സദസ്സ് ഇന്നലെ പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിലും ചേർന്നു. ഈ പരിപാടികൾക്ക് പുറമെ മൂന്നിടങ്ങളിൽവച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. മലപ്പുറത്തെ പരിപാടിക്കിടെ ചൊവ്വാഴ്ച തിരൂരിൽ മന്ത്രിസഭാ യോഗവും ചേർന്നു.