സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിലകൊള്ളുന്നതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം നല്‍കുന്നതിനായി മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടത്തിയ ജില്ലാതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് മത ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കായി മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമി തുടങ്ങുന്നതിനായി വിശദമായ രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ സഹായം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം എന്നിവ മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമിലൂടെ ലഭ്യമാക്കും.

ന്യൂനപക്ഷങ്ങളില്‍ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ -ജൈന-പാഴ്സി – സിഖ് വിഭാഗങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേരള മീഡിയ അക്കാദമിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബുദ്ധ -ജൈന-പാഴ്സി -സിഖ് വിഭാഗങ്ങളുടെ സംസ്ഥാനതല യോഗം ഡിസംബര്‍ 20 ന് എറണാകുളം ഗവ.റസ്റ്റ് ഹൗസില്‍ ചേരും.

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. തൊഴിലന്വേഷകര്‍ക്ക് അവരുടെ കഴിവിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഇതിനകം രണ്ടുതവണ ജില്ല സന്ദര്‍ശിച്ച് ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ രണ്ടു തവണ ജില്ലാതല സിറ്റിങ്ങുകള്‍ നടത്തി.

പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥ#ികള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് സമീപിക്കുമ്പോള്‍ മാര്‍ക്ക് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലന്നും ഇക്കാര്യത്തില്‍ കമ്മീഷന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.അമ്മ മകന് ഇഷ്ടദാനം നല്‍കിയ ഭൂമി മകന്‍ പിടിച്ചെടുത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കമ്മീഷന്‍ ശക്തമായി ഇടപെടുയും ഭൂമി അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കുകയും ചെയ്തായും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.