സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സേവനങ്ങള്‍ എന്നിവയെല്ലാം പരിചയപ്പെടുത്താന്‍ വയനാട് ജില്ലയില്‍ വിപുലമായി ആദ്യമായി നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ജില്ലയില്‍ നിന്നുളള മതന്യൂനപക്ഷ പ്രതിനിധികള്‍ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ വിഷയാവതരണം നടത്തി.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമുദായ ക്ഷേമ സ്ഥാപനങ്ങള്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുതല്‍ തൊഴില്‍, വ്യവസായ വായ്പകള്‍, അവ അപേക്ഷിക്കേണ്ട വിധം എന്നിവ സെമിനാറില്‍ വിശദീകരിച്ചു. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ആവിഷ്‌ക്കരിച്ച സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.

കേരള നോളജ് ഇക്കോണമി മിഷനിലൂടെ ന്യൂനപക്ഷ വിഭാഗക്കാരായ തൊഴിലന്വേഷകര്‍ക്ക് അവരുട കഴിവിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും സെമിനാറില്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാക്കിയ കൈപ്പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.