ഏരിഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് 17 സെന്റ് റവന്യൂ ഭൂമി ജില്ലാ കളക്ടര്‍ അനുവദിച്ചു
മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ഏരിഞ്ചേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ഇനി സ്വന്തം കെട്ടിടമുയരും. കെട്ടിടം നിര്‍മിക്കാന്‍ മുളിയാര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 779/2ല്‍പ്പെട്ട 0.0648 ഹെക്ടര്‍ റവന്യൂഭൂമി കൈമാറി ജില്ലാ കളക്ടര്‍ ഉത്തരവായി.
ഒമ്പത് വര്‍ഷമായി വാടക കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഭൂമിക്കായി ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. നവംബര്‍ 19ന് ഉദുമ മണ്ഡലത്തിലെ ചട്ടംഞ്ചാലില്‍ സംഘടിപ്പിച്ച നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനത്തിനാണ് നവകേരള സദസ്സ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായത്.
തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതല്‍ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയില്‍ കരയിടിച്ചില്‍ ഭീഷണിയിലായതിനാല്‍ പേരോല്‍ സ്വദേശി പി.മനോഹരന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.മധുസുദനന്‍, ഓവര്‍സിയര്‍ അനിത, നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.ലത എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ ഭാഗത്ത് പുഴയുടെ കരകെട്ടി സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.
ആര്‍ഡി നഗര്‍ മന്നിപ്പാടിയിലെ വി.അനഘയ്ക്കും അച്ഛന്‍ കെ.പി.വിജയചന്ദ്രനും നവകേരള സദസ്സ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുളളില്‍ തന്നെ പരിഹാരം ലഭിച്ചിരുന്നു. 30 ശതമാനം പണമടച്ചാല്‍ ലാപ്ടോപ്പ് നല്‍കാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെയാണ് പരാതി നല്‍കിയത്. കമ്പനി അധികൃതരെ പൊലീസ് വിളിച്ചതിന് ശേഷം തിങ്കളാഴ്ച്ച രാവിലെ അനഘയുടെ അക്കൗണ്ടിലേക്ക് അവര്‍ നല്‍കിയ 40,000 രൂപയും ലഭിച്ചു.