കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ നടപ്പ് സാമ്പത്തിക വർഷം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സബ്‌സിഡിയോടെ സ്വയംതൊഴിൽ വായ്പാ പദ്ധതിയിലുൾപ്പെടുത്തി 2.5 ലക്ഷം രൂപയിൽ താഴെ പ്രതിവർഷ വരുമാനമുള്ള ഓട്ടോ/ടാക്‌സി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക്/സി.എൻ.ജി. ഓട്ടോ ടാക്‌സികൾ വാങ്ങുന്നതിനും പെട്രോൾ വാഹനങ്ങൾ സി.എൻ.ജി.യിലേയ്ക്ക് മാറ്റുന്നതിനുമായി വായ്പ അനുവദിക്കുന്നു. പരിവർത്തിത ക്രൈസ്തവ/ശുപാർശിത വിഭാഗത്തിൽപ്പെട്ടവർക്കാണ് വായ്പ അനുവദിക്കുന്നത്.

പരമാവധി വായ്പാ തുക 5 ലക്ഷം രൂപയും 6 ശതമാനം പ്രതിവർഷ പലിശ നിരക്കിൽ കാലാവധി 5 വർഷം ആയിരിക്കും. വായ്പാ തുകയുടെ 20% (പരമാവധി 1 ലക്ഷം രൂപ വരെ) വായ്പയിന്മേൽ സർക്കാർ സബ്‌സിഡി ലഭ്യമാകും. സർക്കാരിൽ നിന്നും സബ്‌സിഡി തുക ലഭ്യമാകുന്ന മുറയ്ക്ക് ആയത് കിഴിവ് ചെയ്ത് ഇ.എം.ഐ പുനർനിർണയിച്ചു നൽകുന്ന പദ്ധതിയാണിത്. സർക്കാർ സബ്‌സിഡിയോടുകൂടി വായ്പ ലഭ്യമാകുന്നതിന് വാഹനം 5 വർഷത്തേയ്ക്ക് കോർപ്പറേഷന്റെ പേരിൽ ഹൈപ്പോത്തിക്കേഷൻ ചെയ്യേണ്ടതും ഈ കാലയളവിൽ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. കോർപ്പറേഷന്റെ സ്വയംതൊഴിൽ വായ്പയുടെ മറ്റ് നിബന്ധനകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0481-2564304, 9400309740.