ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐഎംഎ പ്രസിഡന്റ് ഡോ. സി രാജു ബലറാം മുഖ്യാതിഥിയായി.

ലെറ്റ് കമ്മ്യൂണിറ്റി ലീഡ്സ് എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികളാണ് എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചു നടന്നത്. സബ്കലക്ടർ വി ചെൽസാസിനി ഫ്ലാഗ് ഓഫ്‌ ചെയ്ത ബോധവത്കരണ റാലിയോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ബോധവത്കരണ മാജിക്ക് ഷോയും നടന്നു. ‘എച്ച്ഐവി / എയ്ഡ്സും സമൂഹവും’ എന്ന വിഷയത്തിൽ ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ സെമിനാർ അവതരിപ്പിച്ചു. എസ്എൻജി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകവും സാക്ഷരത മിഷൻ പഠിതാക്കൾക്കായി ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പങ്കാളികളായി.

വൈകീട്ട് പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ്, മെഴുകുതിരി തെളിയിക്കൽ, പോസ്റ്റർ എക്സിബിഷനും റെഡ് റിബൺ ക്യാമ്പയിനും എന്നിവ നടക്കും.

ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി.കെ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീം, സാക്ഷരതാ മിഷൻ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പി പ്രശാന്ത് കുമാർ, എൻ വൈ കെ ജില്ലാ യൂത്ത് കോഡിനേറ്റർ സി സനൂപ്, ഡി എം ഒ ടെക്നിക്കൽ അസിസ്റ്റന്റ് ഡി.കെ ശംഭു, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം ജോർജ്ജ്, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രതിനിധി പി കെ നളിനാക്ഷൻ, സി എസ് സി കോഡിനേറ്റർ ബോബി സാബു എന്നിവർ സംസാരിച്ചു.