സമഗ്ര ശിക്ഷ കേരള ബി.ആർ.സി പന്തലായനി, ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ, ജെ ആർ സി, എസ് പി സി, എൻ സി സി എന്നിവർ അണിനിരന്ന വിളംബര ജാഥ ഒരു മാസം നീളുന്ന ഭിന്നശേഷി മാസാചരണത്തിന് വർണാഭമായ തുടക്കമേകി. ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ നിന്നാംരംഭിച്ച വിളംബര ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

ഭിന്നശേഷി മാസാചരണത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്റ്റിക്കി നോട്ട് പതിച്ച് നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം കെ.പി.എം.എസ് എച്ച് എസി എസി ലെ പ്ലസ് ടു വിദ്യാർത്ഥി സ്നേഹ രാജ് അവതരിപ്പിച്ചു. ചടങ്ങിൽ ബി.ആർ.സി ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ, വികാസ് എന്നിവർ സംസാരിച്ചു. പന്തലായനി ബിപിസി ദീപ്തി ഇ പി സ്വാഗതവും സ്പെഷൽ എജുക്കേറ്റർ കെ സിന്ധു നന്ദിയും പറഞ്ഞു.

ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ സ്പെഷ്യൽ അസംബ്ലി, ചിത്രരചന മത്സരങ്ങൾ, തിരക്കഥാ രചന മത്സരം, ഫിലിം ഫെസ്റ്റിവൽ, സായാഹ്ന ജനകീയ സദസ്സ്, ഇൻക്ലൂസീവ് കായികോത്സവം, രക്ഷിതാക്കളുടേയും കുട്ടികളുടേയും കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഡിസംബർ 30 ന് മാസാചരണം സമാപിക്കും.