കൊട്ടാരക്കര കുടുംബ കോടതിയുടെ പ്രഥമ ക്യാമ്പ് സിറ്റിങ് കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനില്‍ കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് നിര്‍വഹിച്ചു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാതെ കൂട്ടിയോജിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമീപനമാണ് കുടുംബകോടതികള്‍ സ്വീകരിക്കുന്നത്. കുടുംബ നിയമങ്ങള്‍, കോടതി സംവിധാനം എന്നിവ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൊട്ടാരക്കര കുടുംബ കോടതിയുടെ ക്യാമ്പ് സിറ്റിങ് കടയ്ക്കലില്‍ മാസത്തില്‍ രണ്ട് ശനിയാഴ്ചകളില്‍ അനുവദിച്ചിട്ടുള്ളത് പ്രകാരമാണ് സിറ്റിംഗ് സംഘടിപ്പിച്ചത്. ചടയമംഗലം നിയോജകമണ്ഡലത്തിലെ ചിതറ, മാങ്കോട്, കുമ്മിള്‍, കോട്ടുക്കല്‍, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍, ചടയമംഗലം,ഇളമാട് എന്നീ വില്ലേജുകളിലെ കൊട്ടാരക്കര കുടുംബകോടതിയിലെ കേസുകളാണ് പരിഗണിക്കുന്നത്.
ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് അധ്യക്ഷനായി. കൊട്ടാരക്കര കുടുംബകോടതി ജഡ്ജ് ഹരി ആര്‍ ചന്ദ്രന്‍ ,കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ജു മീര ബിര്‍ള, കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദൃശ്യാ ബാലകൃഷ്ണന്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, കടയ്ക്കല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ റ്റി ആര്‍ തങ്കരാജ്, സെക്രട്ടറി ജി ബിജു, ജനപ്രതിനിധികള്‍, അഡ്വക്കേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.