ബാലുശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനും സാഹസിക കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച ‘വയലട അൾട്രാ റൺ’ നാടിന് ആവേശമായി. ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റൺ ഫ്ലാഗ് ഓഫ് ചെയ്തു.
ദീർഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയൽ റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി 155 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 30 ഉം 60 ഉം കിലോമീറ്റർ ദൂരമാണ് കായിക താരങ്ങൾ ഓടി പൂർത്തിയാക്കിയത്.
30 കിലോമീറ്റർ വനിത വിഭാഗത്തിൽ ബംഗളുരുവിൽ നിന്നുള്ള സോണിയ നായിഡു ഒന്നാമതായും റഷ്യൻ സ്വദേശിനി വോൾഗാ പ്രടോ രണ്ടാമതായും ബംഗളുരുസ്വദേശിനി സുഹറ.സി മൂന്നാമതായും ഓടിയെത്തി. 30 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള ഹരികുമാർ ഒന്നാം സ്ഥാനത്ത് എത്തി. നാഗരാജ് ബി, പ്രവീൺ എടവലത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വയലട അൾട്രാ റണ്ണിലെ ഏറ്റവും ദുർഘടമായ 60 കിലോമീറ്റർ അൾട്രാ ഹിൽറൺ 9 മണിക്കൂർ 17മിനുട്ട് കൊണ്ട് വഴോറ, നമ്പികുളം, തോരാട്, കോട്ടക്കുന്ന് ചുരത്തോട് എന്നീ മലകൾ ഓടിക്കടന്ന് ചെന്നൈ സ്വദേശി സതീഷ് കുമാർ ഒന്നാമതായും കാസർഗോഡ് നിന്നുള്ള നിതിൻ സാരംഗ് രണ്ടാമതായും ഫിനിഷ് ചെയ്തു.
കെ.എം സച്ചിൻ ദേവ് എം. എൽ. എ വിജയികളെ അനുമോദിച്ചു. വയലട ടൂറിസം പ്രമോട്ടേഴ്സ് കൺസോർഷ്യം ഭാരവാഹികളായ അരവിന്ദാക്ഷൻ, സന്തോഷ് കുമാർ, സുനിൽ ദത്ത്, റോയൽ റണ്ണേഴ്സ് കലിക്കറ്റിന്റെ ഭാരവാഹികൾ എന്നിവർ വിജയികൾക്ക് മെഡൽ സമ്മാനിച്ചു.