ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉണർവ് 2023 – ഭിന്നശേഷി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ് കെ ഭിന്നശേഷി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇവിടെ നിർമ്മിച്ച എല്ലാ നിയമങ്ങളും മനുഷ്യാവകാശത്തിന് വേണ്ടിയുള്ളതാണെന്നും ഭിന്നശേഷിക്കാർക്ക് സാധാരണ മനുഷ്യരെ പോലെ അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്ലാനിങ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സബ് ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഷൈജൽ എം പി അധ്യക്ഷത വഹിച്ചു.എഡിഎം സി മുഹമ്മദ് റഫീഖ് പതാക ഉയർത്തി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
കെഎസ്എസ്എം സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ എം പി മുജീബ് റഹ്മാൻ,ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ വി വി ദിന, കേരള ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഗിരീഷ്, നോളജ് എക്കോണമി മിഷൻ ജില്ലാ പോഗ്രാം കോർഡിനേറ്റർ എം പി റഫ്സീന, ഇൻഡസ്ട്രീസ് എക്സ്റ്റെൻഷൻ ഓഫീസർ ടി പി സുമ എന്നിവർ ശിൽപ്പശാലയിൽ ക്ലാസുകൾ നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ എം അജ്ഞു മോഹൻ സ്വാഗതം പറഞ്ഞു.