ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. മണ്ഡലതലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ താലൂക്കുകള്‍ മുഖേന https://navakeralasadas.kerala.gov.in/ ല്‍ അപ്ലോഡ് ചെയ്യുകയും കലക്ടറേറ്റ് റവന്യൂ വിഭാഗം പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനമാണ് പുരോഗമിച്ചു വരുന്നത്.

നിവേദനങ്ങള്‍ ലഭ്യമായ ദിവസം മുതല്‍ 30 ദിവസത്തിനകമാവും തീര്‍പ്പാക്കുക. അതേസമയം മന്ത്രിസഭ, സര്‍ക്കാര്‍ തലങ്ങളില്‍ പരിശോധിക്കേണ്ടവ 45 ദിവസത്തിനകം തീര്‍പ്പാക്കും. പൊതുജനങ്ങള്‍ക്ക് നിവേദനത്തിന്മേലുള്ള നിലവിലെ സ്ഥിതിയും പരാതി ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും അറിയാന്‍ https://navakeralasadas.kerala.gov.in/ ല്‍ ‘പരാതി സ്ഥിതി’ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍/മൊബൈല്‍ നമ്പര്‍ നല്‍കി സബ്മിറ്റ് കൊടുത്താല്‍ മതിയാകും. ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 61,204 നിവേദനങ്ങളാണ് ലഭിച്ചത്.