സാധ്യമാകുന്നത് പറയുകയും, പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമ്മുടേതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലംതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലത്തിലെ റോഡുകളിൽ പ്രധാനപ്പെട്ടതാണ് മലയോര ഹൈവേ റോഡുകൾ. മലയോര ഹൈവേ സാക്ഷാത്കരിക്കുന്നതോടെ കേരളത്തിലെ കാർഷിക മേഖലയിലെ സമഗ്രമായ വികസന കുതിപ്പിനെ വേഗതയിലാക്കും. പട്ടിക്കാട് മുതൽ വിലങ്ങന്നൂർ വരെ വേഗതയിലെത്താൻ സാധിക്കുന്ന റോഡ് നിർമ്മാണം, വിലങ്ങന്നൂർ മുതൽ വെള്ളികുളങ്ങര വരെ, ഒല്ലൂരിന്റെ ഒരു ഭാഗത്ത് കൂടെ കടന്ന് പോകുന്ന കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡ്, പുച്ചെട്ടി – ഇരവിമംഗലം റോഡ്, മരത്താക്കര – കുഴൽമന്ദം റോഡ്, കുണ്ടൂകാട് – കട്ടിലപൂവം – പാണ്ടിപറമ്പ് റോഡ്, വാഴാനി ടൂറിസം കോറിഡോർ പദ്ധതി, ജംങ്ക്ഷൻ വികസന പദ്ധതി തുടങ്ങി നിരവധി വികസന നവീകരണ പ്രവർത്തനങ്ങൾക്കാണ് ഒല്ലൂർ സാക്ഷ്യം വഹിക്കുന്നത്. കിഫ്ബി, റീ ബിൾഡ് കേരള പദ്ധതിയിലൂടെ നിരവധി പ്രവർത്തികളാണ് ഒല്ലൂരിൽ നടക്കാൻ പോകുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ പോലെ വീതിയുള്ള റോഡ് കേരളത്തിൽ നിർമ്മിക്കാൻ ജനസാന്ദ്രത കൂടുതലായതു കൊണ്ട് ഭൂമിയില്ല. ആ പരിമിതിയിൽ നിന്ന് കൊണ്ടാണ് ദേശീയപാത വികസനം, മലയോര തീരദേശ ഹൈവേകൾ തുടങ്ങിയവ സാക്ഷാത്കരിക്കാൻ സർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
പുത്തൂർ സുവോളിക്കൽ പാർക്ക് യാഥാർത്ഥ്യമാവുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന കേന്ദ്രമായി ഒല്ലൂർ മാറും.വികസന പ്രവർത്തനങ്ങളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും പുതിയ സംരംഭ സാധ്യതകളും ഉയർന്ന് വരുകയും ചെയ്യും. ഇതിലൂടെ നാടിന്റെ മുഖച്ഛായ തന്നെ മാറും. ഇതിനൊക്കെ ഉദാഹരണമാണ് ലോകപ്രസിദ്ധമായ ന്യൂ യോർക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇടം പിടിച്ച നമ്മുടെ കേരളം എന്ന യാഥാർത്ഥ്യമെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് ജനങ്ങൾ എറ്റെടുത്തു എന്നതിന് ഉത്തമ ഉദാഹരണമാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഒല്ലൂർ മണ്ഡലം നവകേരള സദസ്സിന് വേണ്ടി കാർഷിക സർവകലാശാലയിൽ ഒരുക്കിയ വേദിയും വേദിയിലെ ജനാവലിയും.ഈ സർക്കാർ അധികാരത്തിലേറ്റതിന് ശേഷമുള്ള ഘട്ടം ഘട്ടമായ പരിശ്രമ പ്രവർത്തനങ്ങളുടെ ഫലമാണ് കുതിരാൻ തുരങ്കം നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കിത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന എൻ എച്ച് 66
ആറ് വരി പാത യാഥാർത്യമായത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭൂമിയേറ്റെടുക്കുക എന്ന നയം സംസ്ഥാന സർക്കാർ സ്വീകരിച്ചത് കൊണ്ട് മാത്രമാണ്.
രണ്ടര വർഷം കൊണ്ട് കേരളത്തിലെ പൊതുമരാമത്ത് റോഡുകളിൽ പതിനയ്യായിരത്തിലധികം കിലോമീറ്റർ റോഡുകളാണ് ഇന്ന് ബി എം ആന്റ് ബി സി നിലവാരത്തിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.