തീരത്ത് ആവേശം നിറച്ച് കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരളസദസ്സ്. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന നവകേരള സദസ്സ് ജനങ്ങളാൽ നിറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായി നിരവധി പേരാണ് എത്തിയത്. ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും മുമ്പേ ഏവരും മാലിന്യ മുക്ത പ്രതിജ്ഞയെടുത്തു. സദസ്സിനെത്തിയവർക്ക് ലഘു ഭക്ഷണം, ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്തു.

സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ സംഘം, ഫയർഫോഴ്സ്, പൊലീസ് എന്നിവരും സദസിനെത്തുന്നവർക്ക് എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വളണ്ടിയേഴ്സിന്റെ സേവനം ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സുഗമമായ നടത്തിപ്പിന്റെ ഭാഗമായി. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി നിർമ്മിച്ച ഓല കുട്ടകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.

നിവേദനങ്ങൾ സ്വീകരിക്കായി 20 കൗണ്ടറുകളും ഒരുക്കി. ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുന്ന കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിന്റെ വികസനപ്രവർത്തികളുടെ നേർകാഴ്ച്ചകൾ വിവരിക്കുന്ന പ്രദർശനവും സദസ്സിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. പാണ്ടിമേളം, സ്വാഗത ഗാനം, തിരുവാതിര, ദേശഭക്തി ഗാനം, ഗ്രൂപ്പ് ഡാൻസ്, കേരള ഗാനം, നാടൻ പാട്ട്, നൃത്ത ശിൽപം തുടങ്ങിയ വിവിധ കലാപരിപാടികളും സദസ്സിനോടനുബന്ധിച്ച് നടന്നു.