പതിനായിരങ്ങൾ ഒഴുകിയെത്തിയ വേദിയായി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വരവേൽക്കാൻ വൻ ജനാവലിയാണ് ജാതി മത ഭേദമന്യേ മൈതാനിയിലേക്ക് എത്തിയത്.
മന്ത്രിസഭയെ വരവേൽക്കാൻ തെയ്യം,തിറ,മോഹിനിയാട്ടം, കഥക്, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിദാനങ്ങളും ക്രിസ്മസ് പാപ്പമാരും അണിനിരന്നു. കുടുംബശ്രീ പ്രവർത്തകരുടെ ശിങ്കാരിമേളവും അമ്പതോളം കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും കാവടിയും പൂരകാഴ്ചയെ അനുസ്മരിപ്പിച്ചു. നിറഞ്ഞു സദസ്സ് ഹർഷാരവത്തോടെയാണ് ജനകീയ മന്ത്രിസഭയെ വേദിയിലേക്ക് സ്വീകരിച്ചത്.
മന്ത്രിമാർക്ക് കൈമാറിയ പൂച്ചെണ്ടിലും വ്യത്യസ്തതയുണ്ടായിരുന്നു. മുരിയാട് സ്വദേശി ഉതിമാനം അയ്യപ്പൻകുട്ടിയാണ് കുരുത്തോല കൊണ്ട് പ്രകൃതി സൗഹൃദ പൂച്ചെണ്ട് നിർമ്മിച്ചത്.
ഇരിങ്ങാലക്കുടയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾ എഴുതി തയ്യാറാക്കിയ വികസനരേഖ ‘ദർപ്പണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
നിവേദനങ്ങൾ സ്വീകരിക്കുന്നതിന് 25 കൗണ്ടറുകൾ സജ്ജമാക്കി. രാവിലെ 10 മണി മുതൽ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങി. വനിതകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ. ഹെൽപ്പ് ഡെസ്ക് സംവിധാനവും സജ്ജമാക്കി. കുടിവെള്ളം, ലഘുഭക്ഷണം, ഗതാഗത സൗകര്യം, മെഡിക്കൽ റൂം, ഫീഡിങ് റൂം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സദസ്സിന് മുന്നോടിയായി എടപ്പാൾ വിശ്വനാഥനും ഫിറോസ് ബാബുവും സംഗീതവിരുന്ന് ഒരുക്കി.
എൻ എസ് എസ്, എൻ സി സി വളണ്ടിയർമാർ, ആശ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സേവനം സജ്ജമാക്കിയിരുന്നു.