ജനനസര്‍ട്ടിഫിക്കറ്റുപോലും ഇല്ലാതിരുന്ന ആദിവാസി വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് അടക്കം ലഭ്യമാക്കി  അക്ഷയ ബിഗ് ക്യാമ്പയിന്‍  ഫോര്‍  ഡോക്യൂമെന്റ് ഡിജിറ്റലൈസേഷന്‍ (എ ബി സി ഡി )പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അച്ഛന്‍കോവില്‍  സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നടത്തിയ പരിപാടി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 84 പേര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ്, 47 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, 24 പേര്‍ക്ക് തൊഴില്‍കാര്‍ഡ്, 37 പേര്‍്ക്ക് ബാങ്ക് അക്കൗണ്ട്, 87 പേര്‍ക്ക് ഇലക്ഷന്‍ ഐ ഡി, 22 പേര്‍ക്ക് ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ 519 പേര്‍ക്ക് വിവിധ രേഖകള്‍ ലഭ്യമാക്കി. കൂടാതെ 20 പേര്‍ക്ക് ഇവ ഡിജിറ്റല്‍ ലോക്കറിലാക്കി സൂക്ഷിക്കാനും സൗകര്യമൊരുക്കി.
ആനുകൂല്യങ്ങള്‍ കാലതാമാസം കൂടാതെ പട്ടികവര്‍ഗക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക് ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്നതിന് സഹായിക്കാന്‍ സര്‍ക്കാര്‍  ഒപ്പമുണ്ട്. പൈലറ്റാകന്‍ ആഗ്രഹിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥിനിയെ അതിന് പ്രാപ്തയാക്കാന്‍  ഗ്രാന്റ് നല്‍കിയ വിവരം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യന്‍  വനിതാ എ ടീം ക്രിക്കറ്റ് ക്യാപ്റ്റനായി മിന്നുമണിയെന്ന പെണ്‍കുട്ടി വളര്‍ന്നുവന്നതും മാതൃകയാക്കണം. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും കലക് ടര്‍ ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ വക 100 പ്ലസ്
സംസ്ഥാന സര്‍ക്കാരിന്റെയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 100 ദിനം പൂര്‍ത്തീകരിച്ച പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധികമയി 100 ദിനം തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് ട്രൈബല്‍പ്ലസ്. തൊഴില്‍ കാര്‍ഡിന് അനുപാതികമായി  പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്.
പദ്ധതി  പ്രകാരം ഈ സാമ്പത്തിക വര്‍ഷം 1048 കുടുംബങ്ങള്‍ ജോലിക്ക് വന്നു.   അവര്‍ക്ക്  ശരാശരി 98 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു.  ഈ സാമ്പത്തിക വര്‍ഷം 500 കുടുംബങ്ങള്‍ക്ക് 200 ദിവസം വീതം ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
519 കുടുംബങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 100 ദിവസം  ഇതിനോടകം ജില്ലയില്‍ തൊഴില്‍ നല്‍കി കഴിഞ്ഞു.  നൂറ്ദിനം പിന്നിട്ട എല്ലാ കുടുംബങ്ങളെയും ട്രൈബല്‍ പ്ലസിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. തൊഴിലിനു നാളിതുവരെ എത്തിച്ചേരാത്തവരെ തൊഴിലിടങ്ങളില്‍ എത്തിക്കുവാന്‍ നേരിട്ട് വീടുകളില്‍ ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥരും എസ് റ്റി പ്രൊമോട്ടര്‍മാരും   ഗൃഹ സന്ദര്‍ശന പരിപാടി നടത്തുന്നുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം  അനില്‍കുമാര്‍ അധ്യക്ഷനായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യ ങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതോമസ്,  ത്രിതല പഞ്ചായത്തംഗങ്ങള്‍,  പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍,  അച്ചന്‍കോവില്‍ ഡി എഫ് ഒ അനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.