ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് മുളകള്‍ വെച്ചുപിടിപ്പിച്ച് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. ചെറുതാഴം ബാംബു പ്ലാന്റേഷന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഒരു പ്രദേശത്ത് ടൂറിസം സാധ്യതകള്‍ തുറക്കുന്നതിന് പഞ്ചായത്ത് മാത്രം ഇറങ്ങിയാല്‍ പോരെന്നും അതിന് പൊതുസ്വകാര്യ പങ്കാളിത്തം കൂടി അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 4.74 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തൈകളുടെ പരിപാലനത്തിനുമായി 15 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു
കോട്ടക്കുന്ന് പുഴയോട് ചേര്‍ന്നുള്ള പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ 90 സെന്റിലായി 1500 ഓളം തൈകളാണ് നടുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, എന്‍എസ്എസ് യൂണിറ്റുകള്‍, ഗ്രീന്‍ ബ്രിഗേഡ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇവ പൂര്‍ത്തിയാക്കുക. 1408 തൊഴില്‍ ദിനങ്ങളാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 556 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി.

എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ കെ സി വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, വൈസ് പ്രസിഡണ്ട് പി പി രോഹിണി, സ്ഥിരം സമിതി അധ്യക്ഷരായ എ വി രവീന്ദ്രന്‍, ടി വി ഉണ്ണികൃഷ്ണന്‍, പി പി അംബുജാക്ഷന്‍, അംഗങ്ങളായ മാത്രാടന്‍ കുഞ്ഞിക്കണ്ണന്‍, കെ ശശിധരന്‍, ഹരിതകേരളമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, തൃശ്ശൂര്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫീല്‍ഡ് അസിസ്റ്റന്റ് കെ കെ മുരളി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാര്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ശിവദാസന്‍, ചെറുതാഴം മില്‍ക്ക് പ്രസിഡണ്ട് കെ സി തമ്പാന്‍ മാസ്റ്റര്‍, സംഘാടകസമിതി കണ്‍വീനര്‍ എം ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.