സബ് കമ്മിറ്റികള്‍ രൂപീകരിച്ചു

കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലി അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 15 വരെ നടക്കും. പൂപ്പൊലിയുടെ നടത്തിന് 6 സബ് കമ്മിറ്റി രൂപീകരിച്ചു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ പുഷ്പങ്ങളുടെ പ്രദര്‍ശനം, കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ അതാത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാനസികോല്ലാസത്തിനായി വിവിധയിനം കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കും. . 6 ടിക്കറ്റ് കൗണ്ടറുകളും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂപ്പൊലി നടക്കുക.

അമ്പലവയല്‍ ആര്‍.എ.ആര്‍.എസില്‍ നടന്ന പൂപ്പൊലി സബ്കമ്മിറ്റി രൂപീകരണ യോഗത്തില്‍ പൂപ്പൊലി ചെയര്‍മാന്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ഹഫ്‌സത്ത്, ഷീല പുഞ്ചവയല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് കെ ഷമീര്‍, കണ്‍വീനര്‍,ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.സി.കെ യാമിനി വര്‍മ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ, ആര്‍.എ.ആര്‍.എസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.