ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സവിശേഷ പ്രാധാന്യമാണ് പട്ടാമ്പി മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളതെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. വിളയൂര്‍ ബഡ്സ് സ്‌കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഭിന്നശേഷി കുട്ടികളില്‍ ചില പ്രത്യേക കഴിവുകള്‍ ഉണ്ടെന്നും അത് കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലുള്ള വിദ്യാലയങ്ങളാണ് കുട്ടികള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 98 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 363.40 ച. മീറ്റര്‍ വിസ്തീര്‍ണമുള്ള ബഡ്സ് സ്‌കൂള്‍ കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികള്‍, കൗണ്‍സിലിങ് മുറി, സെന്‍സറി ഓഫീസ്, ഡൈനിങ് മുറി, അടുക്കള, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും വരാന്തയും നടുമുറ്റവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണൊരുക്കുന്നത്
നിര്‍മ്മാണചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. ശിലാസ്ഥാപന പരിപാടിക്ക് ശേഷം നാടന്‍പാട്ട്, സോപാനസംഗീതം എന്നിവയില്‍ ഫെലോഷിപ്പ് ലഭിച്ച കലാകാരന്മാരും കലാമണ്ഡലം ദില്‍ഷ, അഭയ ഷിഹാബ്, ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ കലാവിരുന്നും നടന്നു. പരിപാടിയില്‍ വിളയൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബേബിഗിരിജ, വൈസ് പ്രസിഡന്റ് നൗഫല്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാബിറ, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.