വിജ്ഞാനത്തിന്റെ പുതുവെളിച്ചം വീശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ‘സമന്വയ’ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ശാസ്ത്രീയമായ മാറ്റങ്ങളിലൂടെ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളൊരുക്കി അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും പൂരകങ്ങളായി അന്തേവാസികളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി സര്‍വകലാശാല സൗജന്യ ബിരുദ, ബിരുദാനന്തര കോഴ്സിന് അഡ്മിഷന്‍ നല്‍കിയിരിക്കുന്നത്.
ജയലിലെ 12 വിദ്യാര്‍ഥികളാണ് തുടര്‍പഠനത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്. ബിരുദത്തില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ബിബിഎ കോഴ്സുകളിലേക്കും ബിരുദാനന്തര ബിരുദത്തിലേക്ക് എംകോമിനുമാണ് ഇതോടെ പഠനം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ എല്ലാ ചെലവുകളും സര്‍വകലാശാല ഏറ്റെടുത്തു. ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു.
മറ്റു വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ അക്കാദമിക് സൗകര്യങ്ങളും അന്തേവാസികള്‍ക്കും ലഭിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി എം മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തി. അന്തേവാസികളുടെ പുനരധിവാസം സാധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ സര്‍വകലാശാല ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേവലം പഠനങ്ങള്‍ക്ക് അപ്പുറം മാനവികമൂല്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് മുബാറക് പാഷ പറഞ്ഞു.
ഇതിനു പുറമെ സാക്ഷരത മിഷന്റെ ക്ലാസുകളും 4, 7, 10, ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ക്ലാസുകളും ഇഗ്‌നോ, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളിലെ വിവിധ കോഴ്സുകളിലും അന്തേവാസികള്‍ പഠനം നടത്തുന്നുണ്ട്. അന്തേവാസിയായ ഒരു വിദ്യാര്‍ഥി റെഗുലര്‍ കോഴ്സായി എല്‍എല്‍ബി പഠനവും ജയിലില്‍ നിന്ന് ഓണ്‍ലൈനിലൂടെ ചെയ്യുന്നുണ്ട്.
ചടങ്ങില്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോം സൂപ്രണ്ട് ഡോ. പി വിജയന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സൂപ്രണ്ട് എം രവീന്ദ്രന്‍, വെല്‍ഫയര്‍ ഓഫീസര്‍ ടി രാജേഷ് കുമാര്‍, സര്‍വകലാശാല ഡയരക്ടര്‍ ഡോ. സി വി അബ്ദുല്‍ഗഫൂര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. എംടി നാരായണന്‍, കെജെഇഒഎ സംസ്ഥാന പ്രസിഡണ്ട് പിടി സന്തോഷ്, കെജെഎസ്ഒഎ മേഖല പ്രസിഡണ്ട് പി വി പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.