മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസിനെ വരവേൽക്കാൻ ജനസാഗരമാണ് തൊടുപുഴയിലേക്ക് ഒഴുകിയെത്തിയത്. വമ്പിച്ച ജനപങ്കാളിത്തം ഏവർക്കും വേറിട്ട അനുഭവമായിരുന്നു ജില്ലയിലെ ആദ്യനവകേരള സദസ്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ ആരവങ്ങളും ആഘോഷങ്ങളുമായി അനേകായിരങ്ങളാണ് നവകേരളസദസിൽ പങ്കാളികളായത്.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാനും അപേക്ഷകൾ സമർപ്പിക്കാനുമായി ഉച്ച മുതൽ ജനങ്ങൾ ഒന്നാകെ എത്തി തുടങ്ങിയിരുന്നു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്.

ജനാവലിക്ക് വേണ്ട കുടിവെള്ളം, ഇ-ടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിങ്ങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘടക സമിതി സജ്ജമാക്കിയിരുന്നു.
നവകേരള സദസിന് ഓളം തീർത്ത് തൊടുപുഴ കേളി സംഗമത്തിന്റെ നേതൃത്വത്തിൽ വാദ്യമേളവും ഏഴല്ലൂർ ശ്രീധർമ ശാസ്ത്ര സംഘത്തിലെ സ്ത്രീകൾ അവതരിപ്പിച്ച കൈകൊട്ടികളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.