തീരദേശ മേഖലയിലുള്ള പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. വനിതകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി വനിതാ കമ്മീഷൻ നടത്തുന്ന തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ തീരപ്രദേശത്തെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പിന്തുണ ആവശ്യാനുസരണം കിട്ടത്തക്കവിധം പാലിയേറ്റീവ് സംവിധാനം മെച്ചപ്പെടുത്തണം.

തീരപ്രദേശത്ത് ഇത്തരം പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കേണ്ടത് അനിവാര്യതയാണ്. സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും തീരമേഖലയിൽ  കൂടുതൽ സേവനം ലഭ്യമാക്കേണ്ടതുണ്ട്. കിടപ്പുരോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, മാരകമായ അസുഖങ്ങളുള്ളവർ, അഗതികൾ തുടങ്ങി വീടുകളിൽ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകളെ കാണുന്നതിന് ഗൃഹസന്ദർശനത്തിലൂടെ കഴിഞ്ഞു.

ഒരു വീട്ടിൽ തന്നെ ഒന്നിലധികം ശാരീരിക, മാനസിക വൈകല്യമുള്ളവരെ കണ്ടെത്തിയത് ഈ മേഖലയിലെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌ന പരിഹാരത്തിനുള്ള വനിതാ കമ്മീഷന്റെ ശിപാർശ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി കൂട്ടിച്ചേർത്തു.

പൊന്നാനി നഗരസഭാ പരിധിയിലെ 44-ാം വാർഡ് പുളിക്ക വീട്ടിൽ പാരാപ്ലീജിയ അസുഖത്തെ തുടർന്ന് കിടപ്പിലായ അലീമ ബീവി, 46-ാം വാർഡിലെ സലീന, പുനർഗേഹം ഭവനസമുച്ചയത്തിലെ ബി ടു ബ്ലോക്കിലെ നബീസ, പാത്തു, ഒന്നാം ഭവന സമുച്ചയത്തിലെ കിടപ്പു രോഗിയായ ഹൗലത്ത് എന്നിവരെയാണ് വനിതാ കമ്മിഷൻ സന്ദർശിച്ചത്.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, വാർഡ് കൗൺസിലർമാരായ ഷഹല നിസാർ, ഷരീഖ അഷ്‌റഫ്, സി.ഡി.എസ് ചെയർപേഴ്‌സൺ ആയിഷാബി, വൈസ് ചെയർപേഴ്‌സൺ ഹഫ്‌സത്ത് തുടങ്ങിയർ ഒപ്പമുണ്ടായിരുന്നു.