​ഗ്രീനിം​ഗ് കോഴിക്കോട് പദ്ധതിയു‌ടെ ഭാ​ഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് മുഖേന ​ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രീനിം​ഗ് കോഴിക്കോട്.

പദ്ധതിയു‌ടെ ഭാ​ഗമായി സംഘടിപ്പിച്ച വിവിധ ഹരിത മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അടുത്ത വർഷത്തേക്കുള്ള സർട്ടിഫിക്കറ്റിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സ്മാർട്ട് ഫോൺ, സ്വർണ്ണ നാണയങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യ പെട്രോൾ കാർഡുകൾ മുതലായവയാണ് സമ്മാനങ്ങളായി നൽകിയത്. ഈ വർഷം മുതൽ ഹരിത മത്സരങ്ങളിലെ വിജയികൾക്ക് പ്രൊഫസർ ശോഭീന്ദ്രന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പരിസ്ഥിതി അവാർഡും നൽകും.

വിദ്യാലയങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും എൽ എസ് ജി ഡി വാർഡുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വേനൽ കാലത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയും ജില്ലയിൽ ഒരു ഹരിത ശുചിത്വ മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ വെെസ് പ്രസിഡന്റ് അഡ്വ പി ​ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, സ്കൗട്ട്സ് ആന്റ് ​ഗെെഡ്സ് സ്റ്റേറ്റ് ഓർ​ഗനെെസിം​ഗ് കമ്മീഷണർ ഷീജ ജോസഫ് എന്നിവർ സംസാരിച്ചു. ഗ്രീൻ ക്ലീൻ കേരള മിഷൻ കൺവീനർ കെ മുഹമ്മദ് ഇഖ്ബാൽ പരിശീലന ക്ലാസ് നയിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.പി അബ്ദുസമദ് സ്വാ​ഗതവും താമരശ്ശേരി മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത് നന്ദിയും പറഞ്ഞു. അധ്യാപകർ, വിദ്യാർത്ഥികൾ, ജെആർസി, എസ്പിസി കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. ​ഗ്രീനിം​ഗ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9645964592 എന്ന നമ്പറിൽ ബന്ധപ്പെടാം.