ഭൂമിയുടെ ഉടമസ്ഥരായി മുഴുവന്‍ മനുഷ്യരെയും മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ‍്വ. കെ രാജന്‍. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന ഇടുക്കി നിയോജക മണ്ഡലം നവകേരള സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കയ്യേറ്റത്തെയും കുടിയേറ്റത്തെയും ഒരു പോലെയല്ല സര്‍ക്കാര്‍ കാണുന്നത്.

സംസ്ഥാനത്ത് ഭൂമിയുടെ അവകാശിയായി ജീവിക്കേണ്ട ഒരു മനുഷ്യന്റെ താമസിക്കാനുള്ള അവകാശം കയ്യേറ്റമായി കാണാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഭൂരഹിതനായ ഒരാളെയും ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്ന ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണും. ഭൂമിയുടെ ഉടമസ്ഥനായി മുഴുവന്‍ മനുഷ്യരെയും മാറ്റാന്‍ കഴിയുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്.

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കും. കട്ടപ്പനയിലെ ടൗണ്‍ഷിപ്പില്‍ താമസക്കാരുടെ പട്ടയങ്ങള്‍ ആവശ്യമായിട്ടുള്ള വീടുകളുടെ പട്ടയങ്ങളുമായി പത്തു ദിവസത്തിനുള്ളില്‍ സര്‍വ്വേ നടത്തും. ചെറുതോണി ഗാന്ധി നഗര്‍ കോളനിവാസികളുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി പട്ടയം വിതരണം ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള പട്ടയം മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

മാപ്പാറ, കക്കയാര്‍ വില്ലേജുകളിലെ ഉറുമ്പിക്കര പ്രദേശത്തെ പട്ടയങ്ങള്‍ അതിവേഗത്തില്‍ വിതരണം ചെയ്യും. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിലെ മിച്ചഭൂമിയിലെ അനധിക‍ൃത കൈവശവുമായി ബന്ധപ്പെട്ട പട്ടയങ്ങള്‍ മിച്ചഭൂമിയിലെ സാധ്യതകളുപയോഗിച്ച് വിതരണം ചെയ്യും. വാഗമണ്‍, ഏലപ്പാറ വില്ലേജുകളിലെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കും. പെരിയാര്‍ പുഴ പുറമ്പോക്കിലുള്‍പ്പെട്ട പട്ടയങ്ങള്‍ അതിവേഗം വിതരണം ചെയ്യും. കുറ്റ്യാര്‍വാലിയിലെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനുള്ള പ്രത്യേക ഉത്തരവ് തയ്യാറാക്കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരികയാണ് സര്‍ക്കാര്‍. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് . 64006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ നയിക്കുന്ന സർക്കാരിന്റെ യഥാർത്ഥ യജമാനന്മാർ മൂന്നരകോടി ജനങ്ങളാണ്. അവരിലേക്കാണ് മന്ത്രിസഭ ഇറങ്ങി വരുന്നത്. ജനങ്ങളുടെ മുൻപിലേക്ക് എത്തുന്ന സർക്കാരാണിത്. സാധാരണക്കാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും അറിഞ്ഞ് നവ കേരളത്തിന്റെ നിർമാണത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ. കേരളം യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും വികസന നേട്ടങ്ങളും ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനാണ് സർക്കാർ നവകേരള സദസ്സിലൂടെ ശ്രമിക്കുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ തന്നെ സാക്ഷാത്കരിക്കും.

നവകേരള സദസ്സുകൾ എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കേരള സദസ്സിൽ ഒഴുകിയെത്തിരിക്കുന്ന ഈ ജനക്കൂട്ടം. നവകേരള സദസ്സിനെ ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുന്ന കാഴ്ചയാണ് ഓരോ വേദിയിലും കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.