നവകേരള സദസിന്റെ പ്രഭാതയോഗം നടക്കുന്ന കോട്ടയം നഗരത്തിലെ ജറുസലേം മാർത്തോമ്മ പള്ളി ഹാളിൽ മുഖ്യമന്ത്രിയെ കാണാൻ പതിനൊന്നുകാരൻ ഗുരുചിത്ത് എത്തിയത് തന്റെ തുടർ ചികിത്സയ്ക്ക് സഹായം വേണമെന്ന ആവശ്യവുമായാണ്. എസ്.എം.എ (സ്‌പൈനൽ മസ്‌കുലാർ അട്രോഫി)എന്ന ജനിതക രോഗമാണ് ഗുരുചിത്തിനെ വീൽചെയറിലാക്കിയത്.

കോട്ടയം നഗരസഭ 24-ാം വാർഡിൽ തിരുവാതുക്കൽ ചെമ്പക വീട്ടിൽ പി. അജികേഷിന്റെയും ധന്യ അജികേഷിന്റെയും മകനാണ് ഗുരുചിത്ത്. കിളിരൂർ സർക്കാർ എൽ.പി. സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പേശികളുടെ ശക്തി കുറഞ്ഞ് ശരീരത്തിന് ബലക്ഷയം സംഭവിക്കുന്ന ഈ രോഗത്തിന് അഞ്ച് വയസ് വരെ സർക്കാരിന്റെ എസ്.എം.എ ക്ലിനിക്കുകൾ വഴി മരുന്നുകളും ചികിത്സയും സൗജന്യമായി ലഭിക്കുന്നുണ്ട്.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കു കൂടി ഈ സഹായം ലഭ്യമാക്കണമെന്നായിരുന്നു ഗുരുചിത്തിന്റെ ആവശ്യം. ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത സ്ഥിതിയിലാണ് മാതാപിതാക്കൾ. ചികിത്സയ്ക്കായി രൂപീകരിച്ച ട്രസ്റ്റ് വഴി ലഭിക്കുന്ന സഹായങ്ങളിലൂടെയാണ് ഇത് വരെ ചികിത്സ നടത്തിയത്.നിലവിൽ എട്ട് വയസ് വരെയുള്ള ഇത്തരം രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും 18 വയസിൽ താഴെയുള്ളവർക്ക് സൗജന്യ ചികിത്സ നൽകാനുള്ള തീരുമാനമെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രഭാത സദസിനെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഗുരുചിത്തിന്റെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.