ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓങ്ങല്ലൂരിലുള്ള കളിസ്ഥലത്തിന് പുതുതായി നിര്‍മിച്ച കവാടം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 3,74,901 രൂപ വിനിയോഗിച്ചാണ് കവാടം നിര്‍മിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം റീബില്‍ഡ് കേരളയുടെ ഒരു കോടി രൂപ ചെലവിലാണ് ഓങ്ങല്ലൂരില്‍ കളിസ്ഥലം നിര്‍മ്മിച്ചത്. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടി ഒരേക്കറില്‍ പണിത കളിസ്ഥലത്തില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ തുടങ്ങിയവക്കുള്ള സൗകര്യമുണ്ട്.

ദിവസവും രാവിലെ അഞ്ച് മുതല്‍ വൈകിട്ട് എട്ട് വരെ കളിസ്ഥലം പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കളിസ്ഥലം പ്രവര്‍ത്തിക്കുന്നത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. രതീഷ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.