മില്ലറ്റ് കൃഷി രീതി മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. വടകര നഗരസഭ നടപ്പാക്കുന്ന തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാർബൺ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരിച്ചു. ഹരിത കേരളം സംസ്ഥാന മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ എസ് യു സഞ്ജീവ് മുഖ്യാതിഥിയായിരുന്നു. വടകര നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ രാജിത പതേരി, എൻ കെ പ്രഭാകരൻ, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ , പ്രതിപക്ഷ നേതാവ് അസീസ് മാസ്റ്റർ, മില്ലറ്റ് മിഷൻ കോർ കമ്മിറ്റി അംഗം ഡോ. കെ വി മുഹമ്മദ് കുഞ്ഞി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി വി ശുഭ, മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് ഡോ. സനൽകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.
വടകര നഗരസഭയിലെ നാലാം വാർഡായ പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം 40 സെൻറ് സ്ഥലത്താണ് വിത്ത് വിതച്ചത്. മില്ലറ്റ് മിഷൻ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.