കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും അത്ഭുതകരമായ വികസന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, വ്യവസായം, തൊഴില്‍ തുടങ്ങി സര്‍വ്വ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തി വെട്ടുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ഇന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളായി എത്തുന്നത്. വ്യവസായ സൗഹൃദമായ സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. ജാതിമത ഭേദമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കുകയും അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്ത സര്‍ക്കാറാണിത്. കോവിഡ്, നിപ, പ്രളയം തുടങ്ങി നാടൊന്നാകെ ദുരിതത്തിലായ നാളുകളില്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും അടുപ്പിലെ തീയണയാതെ കാത്തു സംരക്ഷിക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 38 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിനായി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം വീടുകളിലും കുടിവെള്ളം എത്തിക്കും. കൊട്ടാരക്കര മണ്ഡലത്തില്‍ മാത്രം 400 കോടി രൂപയാണ് സമ്പൂര്‍ണ്ണ കുടിവെള്ളത്തിനായി അനുവദിച്ചത്.കൊല്ലം ജില്ലയ്ക്ക് മുഴുവനായി 3148 കോടി രൂപയാണ് അനുവദിച്ചത്. ലോകത്തു ആകെ 270 കോടി ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോളാണ് ഒരാൾ പോലും കേരളത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെ സർക്കാർ ഈ പ്രവർത്തനം നടത്തുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ ജനങ്ങളിലേക്കിറങ്ങിച്ചല്ലുന്നത്. രാജ്യത്ത് വര്‍ഗീയത പടരുകയും ജനാധിപത്യവും മതേതരത്വും തൂത്തെറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും പച്ചത്തുരുത്തായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.