കേരളത്തിലെ ക്രമസമാധാന പാലനം മികച്ചതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. പബ്ലിക് അഫെയേഴ്സ് ഇൻഡക്സ് പ്രകാരം ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്ന സർക്കാരായി ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് കേരള സംസ്ഥാന സർക്കാരിനെ ആണ്. ഇത് കേവലം അവകാശവാദമല്ല മറിച്ചു കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ നേടിയെടുത്ത അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയോജയകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്, നിപ, പ്രളയം എന്നിവയുടെ കാലത്തു കേരളം ലോകത്തിനു മാതൃകയായ പ്രവർത്തനമാണ് കാഴ്ച വച്ചതു. അതുതന്നെയാണ് ലോക മാധ്യമ ശ്രദ്ധ കേരളത്തിന് നേടിത്തന്നതും. ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് കേരളം അടുത്തുകൊണ്ട് ഇരിക്കുകയാണ്. ഇത്രയധികം ക്ഷേമ പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല.

64 ലക്ഷം പേർക്കാണ് 1600 രൂപ വീതം സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. കേരളത്തിലെ അതിദരിദ്രരുടെ കണക്ക് 0. 73 ശതമാനം ആണ്. 2024 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടാൻ പോകുകയാണ്. ഇത് തന്നെയാണ് ഈ സർക്കാർ വാഗ്ദാനം ചെയ്യുന്ന നവകേരള സൃഷ്ടിയും. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തി മുന്നോട് പോകുന്നത് എന്നും മന്ത്രി പറഞ്ഞു.