ലോകശ്രദ്ധ ആകർഷിച്ച ആരോഗ്യപ്രവർത്തനങ്ങൾ നടത്തി സമ്പന്ന രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയ കഥയാണ് കേരളത്തിന് പറയുവാനുള്ളതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 18 മാസം സാമൂഹ്യക്ഷേമ പെൻഷൻ കുടിശക വരുത്തിയ മുൻ സർക്കാരിന്റെ കുടിശിക കൊടുത്തു തീർക്കുക മാത്രമല്ല ഏഴര വര്ഷം കൊണ്ട്57603 കോടി സാമൂഹ്യക്ഷേമ പെൻഷൻ ആയി വിതരണം ചെയ്ത സർക്കാരാണ് ഇത്. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയാണ് രണ്ടാം തവണയും സംസ്ഥാനത്തിന്റെ ഭരണം ഈ സർക്കാരിൽ തന്നെ ഏല്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ഡലം നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

1957 ൽ സ്വപ്നം കണ്ട ഭൂരഹിതരില്ലാത്ത കേരളം ഇന്ന് ലക്ഷ്യം കാണുകയാണ്. ഡിജിറ്റൽ സർവ്വേ തുടങ്ങി 10 മാസം കൊണ്ട് തന്നെ 177000 ഹെക്ടർ ഭൂമി കേരളത്തിൽ അളന്നു തിട്ടപ്പെടുത്താൻ സാധിച്ചു. ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിനു മുൻപ് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റൽ രേഖയുള്ളവയാകും. കൊട്ടാരക്കര കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിന് പുതിയ കെട്ടിടം നിർമ്മിക്കും , കൊട്ടാരക്കര ജയിൽ പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കും, രണ്ടു വലിയ മേല്പാലങ്ങളോട് കൂടി കൊട്ടാരക്കര ബൈപാസ്സും ജനങ്ങൾക്ക് വേണ്ടി വിഭാവനം ചെയ്യുന്നുണ്ട്. ഇതെല്ലം ഈ സർക്കാരിന്റെ ഭരണകാലഘട്ടത്തിൽ തന്നെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴര വർഷക്കാലമായി മലയാളികളെ ഒരു ദുരന്തന്തിനും വിട്ടുകൊടുക്കാതെ 25 വർഷത്തിനപ്പുറമുള്ള കേരളത്തെ വിഭാവനം ചെയ്യുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ആ സർക്കാരിന്റെ കഴുത്തു ഞെരിക്കുന്ന സാമ്പത്തിക നയങ്ങളെ ജനങ്ങളുടെ മുന്നിൽ അല്ലാതെ മറ്റെവിടെയാണ് തുറന്നുകാട്ടേണ്ടത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജകമണ്ഡലങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.