തീരുമാനങ്ങള്‍ വേഗത്തിലാക്കി ഭരണനേട്ടങ്ങളുടെ ‘സ്വാദ്’ ജനസമക്ഷമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതു സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊല്ലത്തെ ആദ്യത്തെ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകടനപത്രികയെ അടിസ്ഥാനമാക്കി പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനസമക്ഷം സമര്‍പിച്ചുകഴിഞ്ഞു.  പറഞ്ഞതെല്ലാം ചെയ്യാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആത്മവിശ്വാസമാണ് തിരിച്ചറിയപ്പെടുന്നത്.  ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഭരണത്തുടര്‍ച്ചയ്ക്ക് കാരണമായതും. .
നടപടികള്‍ സുഗമമാക്കാന്‍ താലൂക് അടിസ്ഥാനത്തില്‍ മന്ത്രിതല സമിതി അദാലത്തുകള്‍ നടത്തി. പരിഹരിക്കാന്‍ കഴിയാത്തവ മന്ത്രിമാരുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ അദാലത്തുകള്‍ വഴിതീര്‍പ്പാക്കി കൂടുതല്‍ ശ്രദ്ധവേണ്ടിയവ മേഖലതിരിച്ചു ചീഫ് സെക്രെട്ടറിയുടെയും വിവിധ ജില്ലകളുടെ കലക്ടര്‍മാരുടെയും സംസ്ഥാനതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തീര്‍പ്പാക്കി .

വനാതിര്‍ത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും സമാന രീതിയില്‍ മന്ത്രിമാര്‍ നേരിട്ട് എത്തി ജനങ്ങളെ കണ്ട് സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ചു . ഇവയുടെ എല്ലാം തുടര്‍ച്ചയാണ് നവകേരള സദസ്സ് . നാട് മുന്നോട്ട് പോകാന്‍ ആസൂത്രണം ചെയ്യേണ്ട പദ്ധതികള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് കേട്ടറിയുക എന്നതും മുന്നോട്ട് പോക്കിന് തടസ്സം സൃഷ്ടിക്കുന്ന നിലപാടുകളെ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. പ്രഭാത സദസുകളില്‍ പങ്കെടുക്കുന്ന ക്ഷണിതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വലിയ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രഭാത യോഗത്തില്‍ ക്ഷണിതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് മറുപടി പറയുകയും ചെയ്തു.

സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ തിരുമേനി, ഫാദര്‍ വൈ. ലാലു യേശുദാസ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ദേശീയ വോളിബോൾ താരമായ സൂര്യ, വ്യവസായി കെ അനിൽകുമാർ, ഡോ. യുഹാനോന്‍ മാര്‍ തേവോറോസ് മെത്രോ പോലീത്ത, മുഹ്‌സിന്‍ വഖാവി ഇമാന്‍ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പം പി എസ് സുപാല്‍ എം എല്‍ എ, ചീഫ് സെക്രട്ടറി വി വേണു , ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ തുടങ്ങിയവരും പങ്കെടുത്തു .