വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവന്റെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് കൃഷി ഭവനെ സ്മാർട്ട് കൃഷി ഭവനാക്കി ഉയർത്തുന്നത്. കുമരനെല്ലൂരിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് ആധുനിക കെട്ടിടം നിർമ്മിക്കുന്നത്.കുമരനെല്ലൂരിലെ വടക്കാഞ്ചേരി കൃഷിഭവൻ പരിമിതമായ സൗകര്യങ്ങളോടുകൂടിയാണ് പ്രവർത്തിക്കുന്നത്. വടക്കാഞ്ചേരിയുടെ കാർഷിക മേഖലയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഒട്ടേറെ കർഷകർ സമീപിക്കുന്ന വടക്കാഞ്ചേരി കൃഷി ഭവന്റെ പരിമിതികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കൃഷി മന്ത്രിയ്ക്ക് നൽകിയ നിവേദനത്തെത്തുടർന്ന് വടക്കാഞ്ചേരി കൃഷി ഭവനെ സ്മാർട്ട് കൃഷി ഭവനാക്കി ഉയർത്തുവാൻ ഉത്തരവായത്.

ആധുനിക സൗകര്യങ്ങളോടെ സോളാർ സംവിധാനങ്ങളും കോൺഫറൻസ് ഹാളുമെല്ലാം അടങ്ങിയ 3300 സ്‌ക്വയർ ഫീറ്റ് ഗ്രീൻ ബിൽഡിങാണ് സ്മാർട്ട് കൃഷിഭവൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുക. കൃഷിഭവനോടു ചേർന്ന് അഗ്രോ ക്ലിനിക്കും, ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോ ഷോപ്പുകളും ഉണ്ടായിരിക്കും. കൃഷിഭവന്റെ പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെയർ സ്ഥാപിക്കലും ഫർണിഷിങ് പ്രവൃത്തികളും സ്മാർട്ട് കൃഷി ഭവനാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കും.

കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷനാണ് (കെ എൽ ഡി സി) നിർവ്വഹണ ചുമതല.കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹനൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.എം. ജമീലാബി, നഗരസഭ കൗൺസിലർ പി.എൻ. വൈശാഖ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ മുഹമ്മദ് ഹാരിസ്, മേരി വിജയ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൻ.കെ. അജിത് മോഹൻ, വടക്കാഞ്ചേരി കൃഷി ഓഫീസർ എം.എൻ. ദിപിൻ, കെ എൽ ഡി സി ചീഫ് എഞ്ചിനീയർ പി.കെ. ശാലിനി, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ടി. ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ. പ്രമോദ്കുമാർ, എം.ആർ. സോമനാരായണൻ, സെലക്റ്റ് മുഹമ്മദ്, എ.എൽ ജേക്കബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ തുടങ്ങിയവർ പങ്കെടുത്തു.