ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം എന്ന പ്രൊജക്ട് പ്രകാരം ധനസഹായം അനുവദിച്ച തെന്‍ട്രല്‍ ടൈലറിങ് യൂണിറ്റിന്റെ ഉദ്ഘാടനം വടകരപ്പതിയിലെ കേരാമ്പാറയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത നിര്‍വഹിച്ചു.
പദ്ധതി പ്രകാരം ടൈലറിങ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ചെലവിന്റെ 75 ശതമാനം സബ്‌സിഡി ലഭിക്കും. ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം എന്ന പദ്ധതി പ്രകാരം 12 ലക്ഷം രൂപയാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ധനസഹായം അനുവദിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷം രൂപ വീതം ചെലവില്‍ ആറ് യൂണിറ്റുകളാണ് ആരംഭിക്കുന്നത്. രണ്ട് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഗ്രൂപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി മൂന്ന് ടൈലറിങ് യൂണിറ്റുകള്‍ ആരംഭിക്കും.
വടകരപ്പതി ഗ്രാമപഞ്ചായത്ത് അംഗം ചിന്നസ്വാമി അധ്യക്ഷനായ ഉദ്ഘാടന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. മണികുമാര്‍, ബ്ലോക്ക് അംഗങ്ങളായ എ. ബാബുരാജ്. വിശാലാക്ഷി, എം. സുബൈറത്ത്, ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.