പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പുതിയതായി പ്രവേശനം നേടിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിദ്യാഭ്യാസ പരിഷ്‌കരണങ്ങളാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയത്. അക്കാദമിക നിലവാരം ഉയര്‍ത്തിയും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പൊതുവിദ്യാഭ്യാസരംഗത്തെ കൈപിടിച്ചുയര്‍ത്തി. കോവിഡ് കാലത്തും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തിയില്ല. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കി. സമാനമായമാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും. സര്‍വ്വകലാശാലകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു. പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കേരളത്തെ ആശ്രയിച്ചു തുടങ്ങി.
ആരോഗ്യരംഗത്തെയും ശാക്തീകരിച്ചു. ഏറ്റവുംചെലവേറിയ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കോഴിക്കോട് പുതിയ ആശുപത്രി ആരംഭിക്കുന്നു. 2024 ഓടെ എല്ലാ ഗ്രാമങ്ങളിലും ജലജീവന്‍ മിഷന്‍ വഴി ശുദ്ധജലം എത്തിക്കും. സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ദേശീയ, മലയോര, തീരദേശ ഹൈവേകള്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും. ക്രമസമാധാന പരിപാലനത്തിലും കേരളം മുന്നിലാണ്. ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടെ സംഘങ്ങള്‍ കേരളത്തിലെ വിവിധ മാതൃകകളെ കുറിച്ച് പഠിക്കാന്‍ എത്തുന്നത് അഭിമാനകരമാണ്. എല്ലാ മേഖലകളിലും പുരോഗതി നടപ്പാക്കിയാണ് പുതിയ കേരളത്തെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു