കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്; ഈ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബന്ധപ്പെട്ടവര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എച്ച്. ആന്‍ഡ് ജെ. മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കടമെടുക്കുന്ന പണം വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. വായ്പ പരിധി കുറയ്ക്കുന്നതിലൂടെ നാടിന്റെ വികസനത്തിനാണ് തടസം സൃഷ്ടിക്കുന്നത്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കപ്പെടുകയുമാണ്.
സംസ്ഥാനത്തെ ആഭ്യന്തര വളർച്ചാനിരക്ക്, തനത്-നികുതി-പ്രതിശീർഷ വരുമാനം ഉയരുകയാണ്. നാടിന്റെ അഭിവൃദ്ധിയുടെ തെളിവാണിത്. വിവിധ ഇനത്തിൽ ലഭിക്കേണ്ട പണത്തിലും സമാഹരിക്കേണ്ടതിലും തടസം സൃഷ്ടിക്കുകയാണ്. സംസ്ഥാനം നേരിടുന്ന വിവേചനം ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസുകൾ.അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എടുത്ത വായ്പയും സംസ്ഥാനത്തിന്റെ കടമായാണ് ഇപ്പോൾ കണക്കാക്കുന്നത്. ഇത്തരത്തിലാണ് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി പ്രസാദ്, ആന്റണി രാജു, എം ബി രാജേഷ് എന്നിവർ സംസാരിച്ചു. മണ്ഡലം ചെയർമാൻ ആർ. സോമൻപിള്ള അധ്യക്ഷനായി. മറ്റ് മന്ത്രിമാർ എ എം ആരിഫ് എം പി, എം എൽ എമാരായ കോവൂർ കുഞ്ഞുമോൻ, പി എസ്. സുപാൽ, ജില്ല പഞ്ചായത്ത് പ്രസിസന്റ് പി കെ ഗോപൻ തുടങ്ങയിവർ പങ്കെടുത്തു.