മറ്റു സർക്കാരുകളുടെതുപോലെ ആഗോള- ഉദാരവത്കരണം നയത്തിന് എതിരായ ബദൽ നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ നടന്ന കൊല്ലം നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ
നാടിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് നവകേരള സദസ്സിലെ ജനബാഹുല്യം. കേരളത്തിന്റെ പുരോഗതിക്കെതിരെ നിലപാട് എടുക്കുന്നവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

9.6 ശതമാനം ആയിരുന്ന ആഭ്യന്തര വളർച്ച ഇന്ന് 17.6 ശതമാനം ആയി. 8 ശതമാനത്തിന്റെ മികച്ച പുരോഗതിയാണ് ഉണ്ടായത്. ഏഴു വർഷത്തിൽ തനത് വരുമാനത്തിൽ 41 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. പ്രതിശീർഷ വരുമാനവും വർദ്ധിച്ചു.

നികുതി വിഹിതം, റവന്യൂ കമ്മി ഗ്രാന്റ് എന്നിവയുടെ വിതരണം സുതാര്യമായല്ല നടക്കുന്നത്. സമ്പന്നരെ കൂടുതൽ സമ്പത്തിന്റെ ഉടമകൾ ആക്കുന്ന നയമാണ് രാജ്യത്ത് സ്വീകരിക്കുന്നത്. ആഗോള വിശപ്പുരഹിത സൂചികയിൽ 55 ആം സ്ഥാനത്തായിരുന്ന രാജ്യം 114 ൽ എത്തി. 0.7 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര്യവസ്ഥ. ഈ വിഭാഗത്തെ ശാക്തീകരിക്കണമെന്ന നിലപാടാണ് സർക്കാരിന്റെത്. 2025 നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത കേരളത്തെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ് എന്നിവര്‍ സംസാരിച്ചു. എം മുകേഷ് എം എൽ എ അധ്യക്ഷനായി.മേയർ പ്രസന്ന ഏണസ്റ്റ്, എം എൽ എമാരായ എം നൗഷാദ്, പി എസ് സുപാൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ ഗോപൻ, ജില്ലാ കലക്ടർ എൻ. ദേവീദാസ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ തുടങ്ങിയവര്‍ പങ്കെടുത്തു.