നവകേരള നിർമ്മിതിയിലൂടെ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക സാമ്പത്തിക പുരോഗതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലകരമായ മാറ്റങ്ങളാണ് കാഴ്ചവക്കുന്നത്.
ലോകത്ത് എവിടെയും തൊഴിൽ ലഭിക്കുന്ന രീതിയിൽ വൈദഗ്ധ്യമുള്ളവരായി കേരളത്തിലെ യുവതലമുറ മാറുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി വിദ്യാർഥികളാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നത്. ലോക റാങ്കിങ്ങിൽ മുൻപന്തിയിൽ എത്താൻ കേരളത്തിലെ സർവകലാശാലകൾക്ക് സാധിച്ചു. നാക് അക്രിഡേഷനിൽ എ++ ഗ്രേഡ് കേരള സർവകലാശാല കരസ്ഥമാക്കി.
രാജ്യതാദ്യമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കാൻ സാധിച്ചു. ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു. തുടർന്ന് 3 സയൻസ് പാർക്കുകൾ കൂടി ആരംഭിക്കും. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടു വരികയാണ് സംസ്ഥാന സർക്കാർ. എന്നാൽ ഇതിനെ ദുർബലപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. ജനാധിപത്യവിരുദ്ധമായ അത്തരം പ്രവർത്തനങ്ങളെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി എതിർക്കും.
ഉന്നത വിദ്യാഭ്യാസ, വ്യവസായ മേഖലകളെ ഏകോപിപ്പിച്ച് നവസംരംഭക സൃഷ്ടികൾക്ക് വഴിയൊരുക്കും. ഐ ടി മേഖലയിൽ മികച്ച മുന്നേറ്റമാണ് സംസ്ഥാന കാഴ്ചവയ്ക്കുന്നത്. നിർമ്മിത ബുദ്ധിയിൽ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള ഒരു യുവതലമുറയെയാണ് വാർത്തെടുക്കുന്നത്. ഏറ്റവും കൂടുതൽ ബിരുദധാരികളായ വീട്ടമ്മമാർ ഉള്ള സംസ്ഥാനമാണ് കേരളം എന്നുകണ്ട് വർക്ക് നിയർ ഹോം സംവിധാനം നടപ്പിലാക്കുന്നു. ഇതുവഴി വീടിനടുത്തുള്ള കേന്ദ്രത്തിൽ തന്നെ സ്ത്രീകൾ ഉൾപ്പെടെ അനായാസം തൊഴിൽ ചെയ്യാൻ സാധിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പുത്തൻ മാതൃകയാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. വികസനത്തിന്റെ സമഗ്ര മേഖലയിലും സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ വിജയമാണ് നവകേരള സദസ്സുകളിൽ കണ്ടുവരുന്ന ജനപങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.