പയ്യന്നൂർ – തലശ്ശേരി ദേശീയ പാതയിലെ കണ്ണപുരം -കണ്ണൂർ ഭാഗം, കണ്ണൂർ മുഴപ്പിലങ്ങാട് ഭാഗം ,തലശ്ശേരി കൂത്തുപറമ്പ് റോഡ്, കണ്ണൂർ – മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ വ്യാപകമായി റോഡപകടങ്ങളും മരണങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിൽ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ സമിതിയിൽ നിർദ്ദേശം. സമിതി അംഗവും സിറ്റി കമ്മീഷണറുമായ അജിത് കുമാറാണ് നിർദ്ദേശമുന്നയിച്ചത്. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ അപകടങ്ങളും അപകടമരണങ്ങളും ഈ ഭാഗങ്ങളിൽ പതിവായ സാഹചര്യത്തിലാണീ നിർദേശം.
കണ്ണൂർ ടൗൺ ബി എസ് എൻ എൽ സർക്കിളിൽ വേഗ നിയന്ത്രണത്തിനായി റംപിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുന്നതായി കോർപ്പറേഷൻ സെക്രട്ടറി യോഗത്തെ അറിയിച്ചു. മട്ടന്നൂർ നഗരസഭയിലെ പാലോട്ട് പള്ളിയിൽ സുരക്ഷാ ബോർഡുകൾ, സ്റ്റഡുകൾ, സീബ്ര ലൈൻ തുടങ്ങിയവസ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യറാക്കി ആർടി ഒ എൻഫോഴ്സ്മെന്റിന് സമർപ്പിച്ചതായി കെ എസ് ടി പി എക്സി.എഞ്ചിനീയർ അറിയിച്ചു.
ദേശീയ പാതയിലെ പൊടിക്കുണ്ട് – മിൽമ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് ഫൗണ്ടേഷൻ അവശിഷ്ടങ്ങൾ പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്ത് പുതിയ സ്ലാബിടുമെന്ന് എൻ എച്ച് എ ഐ ക്ക് വേണ്ടി നിർമ്മാണ കരാറുകാരായ വിശ്വ സമുദ കണ്ണൂർ എക്സ്പ്രസ്സ് വേ ലിമിറ്റഡ് പ്രതിനിധി അറിയിച്ചു. പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് സമയക്രമ പ്രശ്നം പരിഹരിച്ചതായും ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിച്ചതായും പാനൂർ എസ് എച്ച് ഒ അറിയിച്ചു.
കണ്ണൂർ കോടതി കോപ്ലക്സിന് മുമ്പിൽ ഒരാഴ്ചയ്ക്കകം സീബ്രാലൈനും സ്പീഡ് ബ്രേക്കറും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം യോഗത്തെ അറിയിച്ചു.
കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാനും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറിയും എൻഫോഴ്സ്മെന്റ് ആർ ടി ഒ യു മായ സി യു മുജീബ്, മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.