ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഹെറിറ്റേജ് ട്രെയിൽ

ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണ്? പ്രമുഖ സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം അദ്ദേഹം യഥാർത്ഥ ഉത്തരം പറഞ്ഞു തുടങ്ങി. തീരപ്രദേശമെന്ന അർഥം വരുന്ന ഇംഗ്ലീഷ് വാക്കായ ‘ബേ പോർട്ട്’ പറഞ്ഞു ലോപിച്ചാണ് ബേപ്പൂർ എന്ന പേര് ലഭിച്ചത്.

മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം ബുധനാഴ്ച നടത്തിയ പൈതൃക യാത്രയായ ഹെറിറ്റേജ് ട്രെയിലിലാണ് നാടിനെ കുറിച്ച പുത്തൻ അറിവുകൾ കണ്ടും കേട്ടും അറിഞ്ഞ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചത്. ചാലിയം തീരത്ത് നിന്നും ബോട്ടിൽ ആരംഭിച്ച യാത്ര കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.  ഫാറൂഖ് കോളേജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർത്ഥികളാണ് യാത്രയുടെ ഭാഗമായത്.

കോഴിക്കോടിന്റെയും ബേപ്പൂരിന്റെയും ചരിത്രവും വർത്തമാനവും ഒക്കെ പരസ്പരം പങ്കുവെക്കുന്നതായിരുന്നു ചാലിയാറിന്റെ ഓളപ്പരപ്പിലൂടെയുള്ള ബോട്ട് യാത്ര. കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡഗാമയുടെയും തീരങ്ങളിലൂടെ വന്ന ഇസ്ലാം, ക്രൈസ്തവ മതങ്ങളുടെയും വളർച്ചയും ഒക്കെ യാത്രയിൽ ചർച്ചയായി. ഫറോക്ക് പഴയ പാലത്തിന് സമീപം ബോട്ടിറങ്ങിയ സംഘം കോമൺവെൽത്ത് ടൈൽ ഫാക്ടറിയും സമീപമുള്ള ജർമൻ ബംഗ്ലാവും സന്ദർശിച്ചു. തുടർന്ന് ബേപ്പൂർ ബി.സി റോഡിലുള്ള ഉരു നിർമാണ കേന്ദ്രം സന്ദർശിച്ച സംഘം നിർമാണത്തിലിരിക്കുന്ന ഉരു കയറി കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

“ഇവിടെ ഇരുന്നായിരുന്നു വാപ്പ എഴുതിയിരുന്നത്” കഥകളുടെ സുൽത്താൻ, ബേപ്പൂരിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെ വയലാലിൽ വീടിന്റെ മുറ്റത്തെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നിൽക്കുമ്പോൾ മകൻ അനീസ് ബഷീറിന്റെ മനസ്സിൽ ഓർമ്മകൾ അലയടിക്കുകയായിരുന്നു. 35 ഓളം കൃതികൾ മാത്രം എഴുതിയ ഒരു എഴുത്തുകാരനെ തേടി അദ്ദേഹം മണ്മറഞ്ഞു പോയിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞും ആളുകൾ തേടി എത്തുന്നുണ്ടെങ്കിൽ സാഹിത്യകാരൻ എന്നതിലും അപ്പുറം എന്തോ ഒരു ബന്ധം അദ്ദേഹവുമായി തോന്നുന്നത് കൊണ്ട് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ഏറെ കേൾക്കുന്ന ആളായിരുന്നു ബഷീറെന്നും മകൻ പറഞ്ഞു.

ബേപ്പൂരിന്റെ ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ ബേപ്പൂർ ഫെസ്റ്റ് സംഘാടക സമിതി സംഘടിപ്പിച്ച പൈതൃക യാത്ര ഗോതീശ്വരം ബീച്ചിൽ സമാപിച്ചു. ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള പ്രോജക്ട് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പിന്നീട് സമർപ്പിക്കും.

കോർപ്പറേഷൻ കൗൺസിലർ കെ സുരേഷ്, യാത്ര ക്യുറേറ്റർ രജീഷ് രാഘവൻ, ഫാറൂഖ് കോളേജ് ടൂറിസം ക്ലബ് കോർഡിനേറ്റർ ശുമൈഷ്, ബീച്ച് മാനേജർ നിഖിൽ എന്നിവർ യാത്രയുടെ ഭാഗമായി.

ഡിസംബർ 26 മുതൽ 29 വരെയാണ് ബേപ്പൂരിൽ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ മൂന്നാം സീസൺ നടക്കുക.