മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെയറുകൾ ഉദ്ഘാടനം ചെയ്തു.

പൊതുവിപണിയിൽ സർക്കാർ നടത്തുന്നതു ശ്രദ്ധേയ ഇടപെടലുകളാണെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിവിധ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സ്‌പെഷ്യൽ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരത്തും, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലും, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, എറണാകുളം ശിവക്ഷേത്രം മൈതാനത്തും, തൃശ്ശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനത്തുമാണ് മറ്റ് സപ്ലൈകോ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ ഫെയറുകൾ പ്രവർത്തിക്കും. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.

ഉദ്ഘാടന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ മേഖലാ മാനേജർ ജലജ ജി.എസ്. റാണി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.