ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങൾ, മലയോര പാതകൾ, കോവളം -ബേക്കൽ ജലപാത ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയവയിലൂടെ സമഗ്ര സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാടിന്റെ വികസനം സാധ്യമാക്കുന്നത്. സ്തംഭിച്ചു കിടന്ന വിവിധ പദ്ധതികൾ തുടരാനായി. കോവിഡ് രോഗികളെ അകറ്റിനിർത്തുന്ന സ്ഥലങ്ങളിലെ സമീപനമല്ല കേരളം സ്വീകരിച്ചത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കേരളമാണ്. ആരും പട്ടിണികിടക്കാതിരിക്കാൻ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിച്ചു. ഇത്തരം നന്മനിറഞ്ഞ പ്രവർത്തനങ്ങളിലൂടെയാണ് സർക്കാർ ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇനിയും നേട്ടങ്ങൾ സ്വന്തമാക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു.