സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം സാഗാ ജെയിംസ് രചിച്ച ശാസ്ത്ര മധുരം എന്ന കൃതിക്കാണ്. തിരുവനന്തപുരം സ്വദേശിയായ സാഗാ ജെയിംസ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജീവശാസ്ത്രം അദ്ധ്യാപികയാണ്.
ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം ഡോ ബി ഇക്ബാൽ രചിച്ച മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം എന്ന കൃതിക്കാണ്. ഡോ ബി ഇക്ബാൽ ന്യൂറോ സർജൻ, ജനകീയാരോഗ്യ പ്രവർത്തകൻ, ശാസ്ത്ര പ്രചാരകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് അർഹത നേടിയത് സി എം മുരളിധരന്റെ ‘വിജ്ഞാനവും വിജ്ഞാനഭാഷയും’ എന്ന കൃതിയാണ്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃതം കോളേജിലെ മലയാള വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.
ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് സീമ ശ്രീലയം അർഹയായി. വിവിധ പത്ര മാസികകളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങൾക്കാണ് സീമ ശ്രീലയത്തെ പുരസ്‌കാരത്തിന് അർഹയാക്കിയത്. കോഴിക്കോട് സ്വദേശിയായ സീമ ശ്രീലയം ഇപ്പോൾ നടക്കാവ് ജി.വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിൽ അദ്ധ്യാപികയാണ്.
ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) 2022-ലെ പുരസ്‌കാരത്തിന് പി സുരേഷ് ബാബു അർഹനായി. ‘ശാസ്ത്രത്തിന്റെ ഉദയം’ എന്ന കൃതിയാണ് ഇദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. 1986 മുതൽ കേരളകൗമുദി ദിനപ്പത്രത്തിൽ പ്രവർത്തിച്ചു വരികയാണ്.