ഓട്ടവും ചാട്ടവും സോഫ്റ്റ് ബോൾ ത്രോ മത്സരങ്ങളുമായി കൂട്ടിലങ്ങാടി എം.എസ് പി മൈതാനത്ത്  വേറിട്ട കായികാവേശം തീർത്ത് ജില്ലയിലെ  ബഡ്‌സ് വിദ്യാർത്ഥികൾ.  ബഡ്സ് , ബി.ആർ.സി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പ്രിന്റ് 2k23 ജില്ലാ കായിക മേള ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീയും സ്പോട്സ് കൗൺസിലും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

ജില്ലയിലെ 64 സ്കൂളുകളിൽ നിന്നായ് സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. 50, 100 മീറ്റർ ഓട്ട മത്സരം , ഷോട്ട്പുട്ട്, സ്റ്റഡി ജംപ്, സോഫ്റ്റ് ബോൾ ത്രോ, ലോങ് ജംപ്, റിലേ തുടങ്ങിയ മത്സരയിനങ്ങളാണ് ഒരുക്കിയിരുന്നത്.  വിവിധ ബഡ്സ് ,ബി.ആർ സി കളിലായി 2400 വിദ്യാർത്ഥികളാണ് ജില്ലയിലുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർ റംസീന, സ്പോട്സ് കൗൺസിൽ സെകട്ടറി വി.ആര്‍ അർജുൻ , ജില്ലാ സ്പോർട്സ് ഓഫീസർ ടി. മുരുകന്‍ രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാരിസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ് ഹസ്കർ തുടങ്ങിയവർ സംസാരിച്ചു.