സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളർച്ചയിലൂടെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്. സർക്കാർ തലത്തിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയും കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയും നടന്നതിലൂടെ ആരോഗ്യമേഖലയുടെ വളർച്ചയെയാണ് അടിവരയിടുന്നതെന്നും മന്ത്രി പറഞ്ഞു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നവകേരള സദസ്സ് എല്ലാവരുടേതുമാണ്. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കെത്തുന്ന ഈ ദൗത്യം ചരിത്ര വിജയത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കേരളം ലോകത്തിനുമുന്നിൽ സവിശേഷമായ സംസ്ഥാനമായി മാറി. പരാതികൾ കണ്ടെത്തി പരിഹരിക്കുകയും പരിമിതികളെ അതിജീവിക്കുകയും നവകേരളം സാധ്യമാക്കുകയുമാണ് നവകേരള സദസ്സിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.