സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും  തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സഹകരണ മേഖല പൊതുജനതാൽപര്യം മുൻനിർത്തി വിപണിയിൽ ഇടപെടുന്നതിന്റെ ഉദാഹരണമാണ് വിപണിയെന്ന് മന്ത്രി പറഞ്ഞു.

 

ജയ അരി,കുറുവ അരി,കുത്തരി,പച്ചരി,പഞ്ചസാര,ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ സഹകരണ വിപണിയിൽ ലഭിക്കും. മറ്റ് അവശ്യസാധനങ്ങൾ നോൺസബ്സിഡി നിരക്കിലും ലഭ്യമാകും .

നോൺസബ്സിഡി സാധനങ്ങൾക്ക് 15 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഡിസംബർ 30 വരെ സഹകരണ വിപണികൾ പ്രവർത്തിക്കും. എല്ലാ ജില്ലകളിലുമായി 14 സഹകരണ വിപണികളാണ് പ്രവർത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, കൺസ്യുമർ ഫെഡ് ചെയർമാൻ എം മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.