പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ മേഖലകൾക്കുള്ള നൈപുണ്യ വികസനം എല്ലാ വിഭാഗത്തിലുള്ളവരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ തുടർന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ആര്യനാട് നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ജനിറ്റിക്‌സ് തുടങ്ങിയ തൊഴിൽ മേഖലകളിലടക്കമുള്ള നൈപുണ്യ വികസനം പുതിയ കാലത്തിന്റെ ആവശ്യമാണ്. അസാപ്പ്, കെ ഡിസ്‌ക്, നോളജ്ഇക്കോണമി മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചത് ഇതിനായാണ്.

സ്‌കിൽ ഇന്ത്യ റിപ്പോർട്ടനുസരിച്ച് യുവജനങ്ങൾ തൊഴിൽ ചെയ്യാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന സ്ഥലം കേരളവും നഗരം തിരുവനന്തപുരവുമാണെന്നതിൽ നമുക്കഭിമാനിക്കാം. വനിത സൗഹൃദമായി വർക് ഫ്രം ഹോം, വർക് നിയർ ഹോം എന്നിവക്കാവശ്യമായ പ്രോത്സാഹനം സംസ്ഥാന സർക്കാർ നൽകി വരികയാണ്. ഐ ബി എം, ടാറ്റ,യു എസ് ടി ഗ്ലോബൽ തുടങ്ങിയ കമ്പനികൾ ഇതുമായി സഹകരിക്കുന്നത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

നൂതനാശയങ്ങളെ സംരഭമാക്കുന്നതിനാവശ്യമായ സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ തൊഴിലന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.ആഗോള റാങ്കിങ്ങിലടക്കം കേരളത്തിലെ സ്റ്റാർട്ടപ്പുകൾ മുന്നിലേക്കെത്തുന്ന സാഹചര്യം ഈ രംഗത്തെ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക പരിഷ്‌ക്കരണങ്ങൾ പൂർത്തീകരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനത്തിലടക്കം സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഉത്തരാധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് പുതു അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന ക്രിയാത്മക സംവാദത്തിനാണ് നവകേരള സദസ്സ് സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.