ആലപ്പുഴ: അവസാന കാലത്ത് ആരും നോക്കാനില്ലാതെ അലയുന്ന വയോജനങ്ങൾക്ക് ആശ്വാസമായി മുതുകുളത്ത് പുതിയ വൃദ്ധ സദനം ഒരുങ്ങുന്നു. വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവർക്ക് വേണ്ട എല്ലാവിധ സൗകര്യവും നൽകാനാണ് മുതുകുളത്ത് വൃദ്ധ സദനം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃദ്ധസദനം നിർമിച്ചിരിക്കുന്നത്. 72 ലക്ഷം രൂപയാണ് വൃദ്ധ സദനത്തിന്റെ നിർമ്മാണത്തിനായി ചിലവായത്. ഇതിൽ 60 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവുമാണ്. 20 പേർക്ക് ഒരേ സമയം താമസിക്കാവുന്ന തരത്തിലുള്ള നിർമ്മാണമാണ് വൃദ്ധസദനത്തിന്റേതെന്ന് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി. ബാബു പറഞ്ഞു. വാർധക്യ കാലത്ത് ദുരിതമനുഭവിക്കുന്നവർക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഇങ്ങനെയൊരു പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
‘നികുഞ്ജം’ എന്നുപേരിട്ട ഈ വൃദ്ധ സദനത്തിലെ ഓരോ മുറികളും ശുചിമുറികളോടുകൂടിയതാണ്. ഭിന്നശേഷിക്കാരായ വയോജനങ്ങൾക്ക് പ്രത്യേക സൗകര്യവും കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. എല്ലാ മുറികളിലും ഹീറ്റർ, എല്ലാവർക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വലിയ തീൻമേശകൾ, മാനസികവും ശാരീരകവുമായ ഉല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി പുസ്തകങ്ങൾ, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളും വൃദ്ധ സദനത്തിന്റെ പ്ര്‌ത്യേകതയാണ്. വയോജനങ്ങൾക്ക് ആവശ്യമായ വൈദ്യ സഹായം, പ്രത്യേക കൗൺസിലിങ്ങ് തുടങ്ങി മാനസിക ആരോഗ്യത്തിനു മുൻതൂക്കം നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഇവിടെ നിന്നും ലഭ്യമാക്കും. മുതുകുളം ബ്ലോക്ക് പഞ്ചായത്തു പരിധിയിൽ വരുന്ന പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ 15് സെന്റ് സ്ഥലത്താണ് ഈ വൃദ്ധ സദനം സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 27നു ഇവിടെ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.